ധനുമാസത്തിലെ തിരുവാതിര വ്രതം| നേദ്യം, പാതിരാപ്പൂചൂടൽ | Kerala Thiruvathira Festival and Rituals
Автор: Sree's Veg Menu
Загружено: 2020-12-30
Просмотров: 76725
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.
രേവതി നാൾ മുതൽ ആണ് ശരിക്കും തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്. ഒരാഴ്ച അതിരാവിലെ കുളത്തിൽപ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ.
തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്. പുരാതനമായ ആചാരങ്ങളിൽ അക്കലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ് ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്. ഏഴരവെളുപ്പിന് ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ.
എട്ടങ്ങാടി
എട്ടങ്ങാടി - തിരുവാതിര നാളിലെ വൈകുന്നേരത്തെ ഭക്ഷണം
മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയർ, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേൻ, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളിൽ ഇലക്കുമ്പിൾ കുത്തി, അതിൽ ഇളനീർ നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി കഴിക്കുകയാണ് പതിവ്.
തിരുവാതിര നൊയമ്പ്
ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് ആർദ്രാ വ്രതം അഥവാ തിരുവാതിരനോമ്പ്. തിരുവാതിര നാൾ തുടങ്ങുന്ന മുതൽ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. .തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല.(ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കമൊഴിക്കൽ) വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവാ പൂതിരുവാതിര. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ“ എന്ന് പാടി , “പത്താനാം മതിലകത്ത്“ എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരികയാണ് പതിവ്.
തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്. തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭർത്താവും ഭാര്യയും കൂടെ തിരുവാതിരനാളിൽ കഴിച്ചു തീർക്കുന്ന ഏർപ്പാടും ഉണ്ട്. മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ ഊഞ്ഞാൽ കെട്ടാറുണ്ട്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: