Margam Kali /OCYM Members / Thane St. Stephen's Orthodox Church / 11th Bombay Orthodox Convention
Автор: Sleeba Media Malayalam
Загружено: 2025-02-04
Просмотров: 4819
മാർഗം കളി / Margam Kali /OCYM Members / Thane St. Stephen's Orthodox Church /Golden Jubilee Celebrations of Mumbai Diocese / 11th Mumbai Orthodox Convention
മാർഗ്ഗം കളി വിശേഷം =========================
പരുമലയിൽ നിന്നും അന്യമായ മാർഗ്ഗം കളി.
പരുമലയുടെ പുണ്യവും, അലങ്കാരവും, അഭിമാനവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ചു നടത്തിവരുന്ന ഭക്തി നിർഭരമായ റാസയുടെ ഭാഗമായിരുന്ന ക്രിസ്തീയ നാട്യ കലയാണ് മാർഗ്ഗം കളി. റാസയുടെ ഏറ്റവും പുറകിലായി മാർഗ്ഗം കളി ആശാന്റെ നേതൃത്വത്തിൽ പെൺകുട്ടികൾ അണിഞ്ഞൊരുങ്ങി നൃത്തം ചെയ്തു നടന്നിരുന്നു. ശ്രവണ സുന്ദരവും ദൃശ്യ ചാരുതയുമേകുന്ന കലാ രൂപമാണ് മാർഗം കളി. ആധുനികതയുടെ പ്രൗഢിയിൽ ക്നാനായ വിഭാഗത്തിലും മറ്റു ക്രൈസ്തവ വിഭാഗങ്ങളിലും ഇന്ന് മാർഗം കളി നടത്തി വരുന്നു.തൃശൂർ, പാലാ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ ഒഴിച്ചു കൂട്ടാനാക്കാതെ പെരുന്നാളുകളിലും, വിവാഹ വേളയിലും അവതരിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ പരുമലയിലെ സുറിയാനി ക്രിസ്ത്യാനികളുടെയിടയിൽ നിന്നും മാർഗ്ഗം കളി പാടേ തുടച്ചു നീക്കിയിരിക്കുന്നുവെങ്കിലും ഓർമ്മകളുറങ്ങുന്ന മനസ്സിന്റെ ചെപ്പിൽ ആ നൃത്ത കലയെ ഇന്നും സൂക്ഷിക്കുകയും താലോലിക്കുകയും, ഒരിക്കൽ കൂടി കാണുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരുപാട് ആസ്വാദകരുണ്ട്..കുരിശും മൂട്ടിൽ കുഞ്ഞൂഞ്ഞച്ചായൻ ആയിരുന്നു പരുമലപള്ളിയിലെ കുട്ടികളെ മാർഗ്ഗം കളി അഭ്യസിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം കൃത്യമായി അവതിരിപ്പിക്കുവാൻ തക്ക നേതൃത്വം നൽകാനൊരാളില്ലാതെയായപ്പോൾ പരുമലയിലെ മാർഗ്ഗം കളിയുടെ അടിവേരുണങ്ങി. ആരോടാ ഇതിനെക്കുറിച്ചൊന്നു ചോദിച്ചറിയുക എന്ന് ഒരിക്കലെങ്കിലും മനസ്സിൽ ചിന്തിക്കാത്ത പരുമലക്കാർ ചുരുക്കമാകും.
മാർഗ്ഗം കളിപ്പാട്ട്
-----------------------------
AD 52 ൽ ക്രിസ്തു ശിഷ്യനായ മാർത്തോമാ ശ്ലീഹാ ഭാരതത്തിൽ വന്ന് ക്രിസ്തു മതം സ്ഥാപിച്ചപ്പോൾ ക്രിസ്തു മതം സ്വീകരിച്ച ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ ഒരുപാട് പീഡകൾ സഹിച്ചെങ്കിലും ക്രൈസ്തവ വിശ്വാസത്തിൽ തുടർന്നു.മാർത്തോമ്മൻ ക്രിസ്ത്യാനികൾ അല്ലെങ്കിൽ സുറിയാനി ക്രിസ്ത്യാനികൾ എന്നറിയപ്പെട്ട മാർത്തോമ്മായുടെ പിൻ തലമുറക്കാർ മാർത്തോമ്മാ ശ്ലീഹായെ സ്മരിച്ചും , അവർ അനുഭവിച്ച കാര്യങ്ങളെ ഓർത്തും പാടിയ പാട്ടാണ് മാർഗ്ഗം കളിപ്പാട്ട്.തമിഴ് കലർന്ന മലയാളത്തിലാണ് മാർഗ്ഗം കളിപ്പാട്ട് രചിച്ചിട്ടുള്ളത്. പതിന്നാല് പാദങ്ങളും നാനൂറ്റിഅൻപത് വരികളുമാണ് മാർഗ്ഗം കളിപ്പാട്ടിനുള്ളത്.ഇത്രയും വരികൾ അവതരിപ്പിക്കാനുള്ള അസൗകര്യം മനസ്സിലാക്കി വരികളുടെ ഭംഗിയും അർത്ഥവും ഒട്ടും ചോർന്നു പോകാതെ,അവതരണ സമയം, സദസ്സ്, സംഗീതം, നൃത്ത വിന്യാസം എന്നിവയെ ആസ്പദമാക്കി ലൂക്കാസിന്റെ പാഠത്തിലെ ജതികൾ കൂട്ടിച്ചേർത്ത് പ്രായോഗിക സൗകര്യങ്ങളെ കണക്കിലെടുത്തും ഇപ്പോൾ ലഭ്യമായിരിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു .
വായ്ത്താരികളുടെ ഇമ്പം മലയാളി മനസ്സിനെന്നും ഏറെ പ്രിയപ്പെട്ടതാണല്ലോ?നാടൻ പാട്ടിന്റെ ഇമ്പം ആസ്വദിക്കാത്ത മലയാളി ഇല്ലാത്തതും അതുകൊണ്ടു തന്നെയാണ്.അക്കാരണത്താൽ തന്നെയാവും മാർഗ്ഗം കളിയിലും വായ്ത്താരികൾ ഇടം പിടിച്ചിരിക്കുന്നത് . മനോഹരവും അർത്ഥ സമ്പുഷ്ടവുമായ വരികൾ രചിച്ചത് ആരാണെന്ന് വ്യക്തമല്ലെങ്കിലും, നഷ്ടമായിപ്പോകാമായിരുന്ന ഈ വരികളെ നമുക്ക് വായിക്കുവാനും, ചൊല്ലുവാനും ആസ്വദിക്കാനാവും വിധത്തിൽ സംരക്ഷിച്ചത് പുത്തൻപുരയ്‌ക്കൽ ഉതുപ്പ് ലൂക്കാസ് എന്ന കലാ ഹൃദയത്തിനുടമയായിരുന്നു. ഇതിലേക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും നൽകി അദ്ദേഹത്തിന്റെ കൂടെ നിന്നത് ചരിത്ര പണ്ഡിതനും സമുദായ സ്നേഹിയുമായ വട്ടക്കളത്തിൽ മത്തായി കത്തനാർ ആയിരുന്നു.1910 -ൽ കോട്ടയത്തെ കാത്തലിക് മിഷൻ പ്രസ്സ് "മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകൾ " എന്ന പേരിൽ മാർഗം കളിപ്പാട്ടുൾപ്പെടെ ക്രൈസ്തവർ പാടിയിരുന്ന പാട്ടുകൾ എല്ലാം കൂടി പ്രസിദ്ധീകരിച്ചു. ഡോക്ടർ ചുമ്മാർ ചൂണ്ടൽ മാർഗ്ഗംകളിയെ ക്കുറിച്ച് ആഴമായി പഠിപ്പിക്കുന്നുണ്ട്.
മാർഗ്ഗം എന്നാൽ വഴി എന്നാണല്ലോ അർത്ഥം .മാർത്തോമ്മായുടെ പിൻഗാമികളായവർ ക്രിസ്തു മാർഗത്തിൽ സഞ്ചരിക്കുന്നതിന്റെ ഓർമ്മ പുതുക്കുവാനായി പുരുഷന്മാർ ആടിപ്പാടി നൃത്തം ചെയ്തതാണ് മാർഗ്ഗം കളി എന്ന പേരിൽ അറിയപ്പെട്ടിരുന്നത് . ആദ്യ കാലത്ത് കുരിശു തറയ്ക്കു ചുറ്റുമായി 12 പുരുഷന്മാർ വട്ടത്തിൽ നിന്നു കൊണ്ട് കൈ കൊട്ടി പാട്ടു പാടി രാവെളുക്കുവോളം നൃത്തം ചെയ്ത് ആഹ്ലാദിക്കുക വഴി അവരുടെ വിശ്വാസത്തിന്റെ ആഴമളക്കുവാൻ മറ്റുള്ളവർക്ക് കഴിഞ്ഞു .
ക്നാനായ സമുദായത്തിലെ ക്രിസ്ത്യാനികളാണ് മാർഗ്ഗം കളിയെ എഴുപതു ശതമാനത്തോളവും ഇരു കൈകളും നീട്ടി സ്വീകരിച്ചത്. അതാണ് ഇന്നും ക്നാനായ ക്രിസ്ത്യാനികൾ വിശേഷ ദിവസങ്ങൾക്ക് മാറ്റു കൂട്ടാൻ മാർഗ്ഗം കളിയെ അവരുടെ സ്വന്തം നൃത്ത രൂപമായി ചേർത്തു വച്ചിരിക്കുന്നത്.വെറും മുപ്പതു ശതമാനം മാത്രമാണ് യാക്കോബായ സമൂഹം സ്വീകരിച്ചത്. അതുകൊണ്ടു തന്നെയാവാം മധ്യ കേരളത്തിലെ ക്രൈസ്തവർക്കിടയിൽ മാർഗ്ഗം കളിയ്ക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയാതെ പോയതും.
എൺപത് കാലഘട്ടത്തിലാണ് സ്ത്രീകൾ മാർഗ്ഗം കളി പഠിച്ചതും വേദികളിൽ അവതരിപ്പിക്കാൻ തുടങ്ങിയതും.
ക്രൈസ്തവ വിശ്വാസത്തിന്റെ ആഴവും പരപ്പും ഒരു നൃത്ത കലാ രൂപത്തിലൂടെ ആവിഷ്‌കരിച്ചപ്പോൾ ദൃശ്യഭംഗി ആസ്വദിക്കാൻ കഴിഞ്ഞു എന്നതാണ് മാർഗ്ഗം കളി കാട്ടിത്തന്നത് .കാലാന്തരത്തിൽ പുതിയ തലമുറയിൽ നിന്നും വേരോടെ പിഴുതു മാറ്റാതെ കേരള സംസ്കൃതിയുടെ ഭാഗമായ മാർഗ്ഗം കളി സംരക്ഷിക്കുവാൻ പുതു തലമുറയ്ക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
രചന : റാണി ജോൺ പരുമല
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: